ജയലളിതയുടെ മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായി;ജയലളിതയെ ആരോ പിടിച്ചുതള്ളി; ശശികല തന്നെ ചതിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നു;വെളിപ്പെടുത്തലുമായി അണ്ണാ ഡി.എം.കെ നേതാവ്

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അണ്ണാഡിഎംകെ നേതാവ് പി.എച്ച്.പാണ്ഡ്യന്‍.ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ചുതള്ളി, അവര്‍ താഴെ വീണു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.എച്ച്.പാണ്ഡ്യന്‍. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി ശശികലയ്ക്ക് ജയലളിത മരിച്ചപ്പോള്‍ ഒരിറ്റു കണ്ണീരുപോലും വന്നില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. ജയലളിതയുടെ മരണത്തില്‍ വിഷമമുണ്ടായിരുന്നെങ്കില്‍ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇനി എ.ഐ.എ.ഡി.എം.കെയെ രക്ഷിക്കാന്‍ ശശികല മാത്രമേയുള്ളൂവെന്ന തരത്തില്‍ പാര്‍ട്ടി നേതാക്കളെക്കൊണ്ട് പാര്‍ട്ടി ചാനലിലൂടെ പറയിപ്പിക്കില്ലായിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു.
ശശികല തന്നെ ചതിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു. ‘ജയലളിതയുടെ മരണത്തില്‍ തുടര്‍ന്ന് ശശികല നടരാജന്‍ വേദനിച്ചിട്ടില്ല. സപ്തംബര്‍ 22 മുതല്‍ ഇതുവരെ ഞാന്‍ ഒന്നും പറയാതെ മൗനം അവലംബിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കാര്യങ്ങള്‍ കാരണമാണ് ഞാന്‍ മൗനം വെടിയുന്നത്. ജയലളിതയുടെ ചികിത്സാവിവരങ്ങളെ കുറിച്ച് ഞങ്ങളോടൊന്നും പറഞ്ഞില്ല’, പാണ്ഡ്യന്‍ വ്യക്തമാക്കി.അമ്മ(ജയലളിത)യ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞിട്ടും ശശികലയ്ക്കും കുടുംബത്തിനും യാതൊരുവിധ ദുഃഖവുമുണ്ടായില്ല. അതിന് താന്‍ സാക്ഷിയാണ്. ശശികലയ്‌ക്കെതിരെ അന്വേഷണം നടത്തണം. അപ്പോളോയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് ക്ഷമിക്കണം, പ്രാര്‍ത്ഥിക്കണം എന്നാണ്. തങ്ങള്‍ ഒരു കൃത്രിമ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും റെഡ്ഡി പറഞ്ഞിരുന്നു. സെപ്തംബര്‍ 22ന് രാത്രി പോയസ് ഗാര്‍ഡനിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല യോഗ്യയല്ല. ശശികല മുഖ്യമന്ത്രിയാകുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കല്‍ ജയലളിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും പാണ്ഡ്യന്‍ പറഞ്ഞു.