ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കാന്‍ പനീര്‍സെല്‍വത്തിന്റെ പുതിയ നീക്കം;പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി; ഇന്ന് ഗവര്‍ണര്‍ ചെന്നെയിലെത്തും

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരെ പുതിയ നീക്കവുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കാനുള്ള നീക്കവുമായി ഒ. പനീര്‍ശെല്‍വം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനാണ് പനീര്‍ശെല്‍വത്തിന്റെ തീരുമാനം.അമ്മയുടെ മരണശേഷവും ശശികല ഇപ്പോഴും താമസിക്കുന്നത് പോയസ് ഗാര്‍ഡനിലാണ്. അവരെ അവിടെനിന്നു പുറത്താക്കുന്നതു ലക്ഷ്യമിട്ടാണു പനീര്‍സെല്‍വത്തിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നെയിലെത്തും. 2.30 ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.ഇതിനിടെ ഐ.എ.ഡി.എം.കെയുടെ ട്രഷറര്‍ ഞാന്‍ തന്നെയാണെന്നും ബാങ്ക് ഇടപാടുകള്‍ മറ്റാരിലൂടെയും നടത്തരുതെന്നും ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വം കത്തയച്ചിരുന്നു. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്നും രേഖാമൂലം താന്‍ തന്നെയാണ് പാര്‍ട്ടി ട്രഷറര്‍ എന്നുമാണ് പനീര്‍ശെല്‍വം പറയുന്നത്.തന്നെ പുറത്താക്കിയ ശശികലയുടെ നടപടി അനധികൃതമാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് തന്നെ പുറത്താക്കാനാകില്ല. അതുകൊണ്ട് തന്നെ രേഖാമൂലമുള്ള അറിയിപ്പുകളില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും ശെല്‍വത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു.