ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി;കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം പ്രതികരിച്ചു.ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചത് എന്തിന് വേണ്ടിയാണെന്നും സത്യം പുറത്തുവരണമെന്നും കോടതി പറഞ്ഞു. ചെന്നൈ സ്വദേശി സി.എ ജോസഫിന്റെ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശംജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം അവര്‍ക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നല്‍കിയിരുന്നതെന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോള്‍ അവരുടെ മരണത്തിനുശേഷമെങ്കിലും സത്യം പുറത്തുവരണമെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു.ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ പുറത്തുവിടണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. നേരത്തെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ട് തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി കോടതി തള്ളയിരുന്നു. അപ്പോളോ ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹരജിക്കാരനായ ട്രാഫിക് രാമസ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 22നാണ് ജയലളിതയെആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പനിയും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കാണിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് ജീവന്‍ അപഹരിച്ചത്. ചികില്‍സയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. നേരത്തേ പി.എം.കെ. നേതാവ് എസ്. രാമദാസ്, എഴുത്തുകാരനും ബി.ജെ.പി. സഹയാത്രികനുമായ എസ്. ഗുരുമൂര്‍ത്തി, നടി ഗൗതമി തുടങ്ങിയവരും ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.