വിസ വിലക്ക്; അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍; മുസ്‌ലീങ്ങളെ വിലക്കിയ നടപടിയെ ന്യായീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഏഴ് ഇസ്‌ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു വിസ നിരോധിച്ചതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കാനായിരുന്നു തന്റെ നടപടിയെന്നു ട്രംപിന്റെ വിശദീകരണം. വിവിധ രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്‍മാരും പങ്കെടുത്ത ചടങ്ങിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.ലോകം മുഴുവന്‍ കുഴപ്പങ്ങളാണ്, നമ്മള്‍ അത് അമേരിക്കക്ക് പുറത്ത് നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇത് കടുത്ത നടപടികള്‍ എടുക്കേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ട്രംപ് അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ തടയാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകതയെ പറ്റിയും ട്രംപ് ഓര്‍മിപ്പിച്ചു. മതമേലധ്യക്ഷന്‍മാരെയും വിവിധ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ വിലക്കിയിരുന്ന ജോണ്‍സണ്‍ നിയമം പുനപരിശോധിക്കേണ്ട കാലം അതിക്രമിച്ചു. അമേരിക്കന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്ന ഏവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നു. കുടിയേറ്റക്കാരായവരെല്ലാം അമേരിക്കയെ ബഹുമാനിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ സംവിധാനമൊരുക്കുമെന്നും ട്രംപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.