കണ്ണൂര്‍: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദ് എംപിയ്ക്ക് ഇനി ജന്മനാടായ കണ്ണൂരില്‍ അന്ത്യവിശ്രമം.ഇന്ന് പതിനൊന്നിനു കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലാണ് ഖബറടക്കം. അറയ്ക്കല്‍ രാജവംശത്തിന്റെ ഖബര്‍സ്ഥാനിലാണ് പ്രത്യേക അനുമതിയോടെ ഖബറടക്കം നടത്തുക. ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂര്‍ജില്ലയിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഡല്‍ഹിയിലെ അഹമ്മദിന്റെ വസതിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചു. അതിനുശേഷം ഉച്ചയോടെ വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ചു. കരിപ്പൂരില്‍ ഹജ് ഹൗസിലും കോഴിക്കോട്ടെ മുസ്ലീം ലീഗം ആസ്ഥാനമായ ലീഗ് ഹൗസിലും പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ താണയിലെ വസതിയിലെത്തിച്ച ഭൗതികദേഹം ഇന്ന് രാവിലെ 8.30ന് കണ്ണൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടിലും 10.30ന് സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. 11നു മയ്യിത്ത് നമസ്‌കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.15നാണു മരണം സ്ഥിരീകരിച്ചത്.