ഇ അഹമ്മദിന്റെ മരണം; രാത്രി വൈകിയും ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: മുസ്ലീംലീഗ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ആര്‍എംഎല്‍ ആശുപത്രിയില്‍ നാടകീയസംഭവങ്ങളാണ് അരങ്ങേറിയത്.ഹൃദയാഘാതത്തെ തുടര്‍ന്നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ.അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനുമതി നിഷേധിച്ചതു ബഹളത്തിനും പ്രതിഷേധത്തിനും കാരണമായി.ചൊവ്വാഴ്ച ഉച്ചക്ക് ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ഇ അഹമ്മദിന് ഉടന്‍ തന്നെ ട്രോമകെയറിലേക്ക് മാറ്റി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരെയും കാണാന്‍ അനുവദിച്ചില്ല. രാത്രിയോടെ വിദേശത്തായിരുന്ന മക്കള്‍ ആശുപത്രിയിലെത്തിയപ്പോഴും കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കി. കാരണം വ്യക്തമാക്കാതെ മക്കള്‍ക്കു സന്ദര്‍ശനാനുമതി നിഷേധിച്ചതും അവരോടു മോശമായി പെരുമാറിയതും അറിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും ലീഗ് നേതാക്കളും രാത്രി ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ വഴങ്ങാത്തതിനെത്തുടര്‍ന്നു മക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയശേഷം രാത്രി വൈകി അധികൃതര്‍ വീഴ്ച സമ്മതിച്ചു ഖേദം പ്രകടിപ്പിച്ചുവെങ്കിലും ലീഗ് എംപിമാരും നേതാക്കളും ആശുപത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ മക്കളെയും മരുമകനെയും അനുവദിച്ച ശേഷമാണ് മരണവിവരം സ്ഥീരികരിച്ചത്. മൂന്നു മണിക്കൂറോളം കാത്തുനിന്നിട്ടും പിതാവിനെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന് അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് എന്നിവര്‍ പറഞ്ഞു. അദ്ദേഹത്തിനു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നും ഇത് അധാര്‍മികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.