ഇ അഹമ്മദിന്റെ നിര്യാണം; ബജറ്റ് അവതരിപ്പിക്കും;സ്പീക്കര്‍ അവതരണാനുമതി നല്‍കി;ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് സ്പീക്കറുടെ അനുമതി ലഭിച്ചതോടെ മുസ്ലീംലീഗ് ദേശീയ അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയും നിലവില്‍ എംപിയുമായ ഇ. അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്വം നീങ്ങി. ഇ.അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ചതിനുശേഷം ബജറ്റ് അവതരിപ്പിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം, ബജറ്റ് മാറ്റണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് മാറ്റണമെന്നു കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടു. മാറ്റിയില്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം.ലോക്‌സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവില്‍ സിറ്റിങ് എം.പി അന്തരിച്ചാല്‍ സഭ ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാല്‍, തുടക്കം മുതല്‍ക്കേ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ് മാറ്റി വെക്കാറില്ലെന്നും ആ കീഴ്‌വഴക്കവും തുടരണമെന്നും ബജറ്റ് അവതരണവുമായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി മാറ്റി വെക്കുന്നത് ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ തീരുമാനം സ്പീക്കര്‍ക്ക് വിട്ടിരുന്നതാണ്. സ്പീക്കര്‍ അനുമതി നല്‍കിയതോടെ ബജറ്റ് അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.ആദ്യം അനുശോചനയോഗം ചേര്‍ന്ന ശേഷം ബജറ്റ് അവതരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.