മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എം പി അന്തരിച്ചു; മരണം സ്ഥിരീകരിച്ചത് പുലര്‍ച്ചെ; ഖബറടക്കം നാളെ കണ്ണൂരില്‍

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എം.പി (78)അന്തരിച്ചു. ഇന്നലെ രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചതായി ഇ. അഹമ്മദിന്റെ മരുമകന്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. ഇന്ന് രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു പുറപ്പെടും. വൈകീട്ട് കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ജന്മദേശമായ കണ്ണൂരില്‍ മൃതദേഹം ഖബറടക്കും.ബജറ്റ് സെഷനിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ 12 മണിക്കൂറോളം കഴിഞ്ഞതിന് ശേഷം മസ്തിക മരണം സ്ഥിരീകരിക്കുന്നതിനുളള ടെസ്റ്റ് നടത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
25 വര്‍ഷം ലോക്‌സഭാഗംവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു. 1967, 77, 80, 82, 87 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ അഞ്ചുവര്‍ഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സര്‍ക്കാരില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമയാണ്. പാര്‍ലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതല്‍ 2014 വരെയുള്ള വിവിധകാലങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം മുതല്‍ ഗള്‍ഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. 2004ല്‍ ഇറാഖില്‍ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോള്‍ ഇടപെടുകയും ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത തൊഴില്‍നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോള്‍ അയവുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് അഹമ്മദിന്റെ നയതന്ത്രനീക്കങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയില്‍നിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു.ഇന്ത്യയുടെ ഹജ്ജ്ക്വാട്ട 72000ത്തില്‍ നിന്നും 170000മാക്കിയ ഉയര്‍ത്തിയത് ഇ. അഹമ്മദിന്റെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു. തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലിഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ഇംഗ്ലീഷിലും മലയാളത്തിലുമായി നാല് പുസ്തകങ്ങള്‍ ഇ. അഹമ്മദ് എഴുതിയിട്ടുണ്ട്. പരേതയായ സുഹറ അഹമ്മദാണ് അദ്ദേഹത്തിന്റെ ഭാര്യ. മൂന്നു മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

© 2024 Live Kerala News. All Rights Reserved.