കേരളത്തിന് വീണ്ടും നിരാശ; ബജറ്റില്‍ ഇത്തവണയും എയിംസില്ല; പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം

തിരുവനന്തപുരം: ബജറ്റില്‍ കേരളത്തിന് ഇത്തവണയും എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ഇല്ല. ജാര്‍ഖണ്ഡിനും ഗുജറാത്തിനുമാണ് ഇക്കുറി എയിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇതേത്തുടര്‍ന്നു 2014 ജൂലൈ 16ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. നാല് സ്ഥലങ്ങളാണ് സംസ്ഥാനം നിര്‍ദേശിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധര്‍ അടങ്ങുന്നസംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നതെങ്കിലും നടപടികളുണ്ടായില്ല. ഡല്‍ഹിയിലെത്തി വീണ്ടും ചര്‍ച്ച നടത്തിയ കേരളത്തിന്റെ പ്രതിനിധികളോട് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പകരം പുതിയത് സമര്‍പ്പിക്കാനായിരുന്നു ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര,ആന്ധ്ര,ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
ആരോഗ്യമേഖലയെ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങളില്‍ 2025 ഓടെ ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഫലം ലക്ഷ്യമിട്ട് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുറമേ ഇതിനായി ഏക അധികാര കേന്ദ്രവും നിലവില്‍ വരും. കൂടുതല്‍കോളേജുകള്‍ക്ക് സ്വയംഭരണാവകാശം കിട്ടുന്ന രീതിയില്‍ യുജിസി നിയമങ്ങളില്‍ പരിഷ്‌ക്കരണം കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്നും തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ 100 ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.