കാര്‍ഷിക-ഗ്രാമീണ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍;10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ;2018 ഓടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും; കേരളത്തിന് ഇത്തവണയും എയിംസില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം തുടരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും വളര്‍ച്ചാ നിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ധീരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകളായി നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടത്തിയ കരുത്തുറ്റ തീരുമാനമായിരുന്നു നോട്ട് നിരോധം. നോട്ട് നിരോധനത്തെ പിന്തുണച്ചതിന് നന്ദിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.വികസനത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും നേട്ടം കൊയ്യാന്‍ യുവാക്കള്‍ക്ക് ശക്തി പകരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സാമൂഹിക സുരക്ഷയ്ക്കും ആരോഗ്യ മേഖലയ്ക്കും മുന്‍ഗണന നല്‍കും. ജനങ്ങളുടെ പ്രതീക്ഷ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്.കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കും. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് മുന്‍തൂക്കം. ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് ലോകബാങ്ക്. ആഭ്യന്തര ഉല്‍പ്പാദനം 3.4 ശതമാനം കൂടുമെന്ന് പ്രതീക്ഷ. കൂടുതല്‍ കാര്‍ഷിക ലാബുകള്‍ ആരംഭിക്കും. കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും. ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട്, 5000 കോടി രൂപ വകയിരുത്തും.ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യവിമുക്തമാക്കും. ലക്ഷ്യം 2019ഓടെ പൂര്‍ത്തിയാക്കും. 2018ഓടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. നിലവില്‍ പ്രതിദിനം 132 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചുവരുന്നു. 100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കും. തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോടാഗിങ് ഏറെ ഫലപ്രദമാണ്.ക്ഷീരമേഖലയ്ക്ക് 8,000 കോടി നബാര്‍ഡ് വഴി വിതരണം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജനയുടെ സബ്‌സിഡിയുള്ള വായ്പാ കാലാവധി വിപുലീകരണത്തിന് മന്ത്രിസഭാ അംഗീകാരം.ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. സ്‌കൂളുകളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും. പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഏക അധികാര കേന്ദ്രം നിലവില്‍ വരും. തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ 100 ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററുകള്‍ തുറക്കും.2017-18 വര്‍ഷത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 48,000 കോടി വകയിരുത്തും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ പങ്കാളിത്തം 55 ശതമാനം വര്‍ധിപ്പിച്ചു. സത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും. മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ. ജാര്‍ഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകള്‍. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല.ഇ.അഹമ്മദിന്റെ മരണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു കൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയാണ്. അതിനിടെ കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു.

© 2024 Live Kerala News. All Rights Reserved.