ബജറ്റ് അവതരണം തുടങ്ങി; സഭ ബഹിഷ്‌ക്കരിച്ച് കേരള എം.പിമാര്‍;പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും വളര്‍ച്ചാ നിരക്ക് കൂടിയെന്നും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇ. അഹമ്മദ് എം.പിയുടെ നിര്യാണം അവഗണിച്ചുകൊണ്ട് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിന് തുടക്കം. സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ അന്തരിച്ച  മുസ്ലിംലീഗ് നേതാവ് എ.അഹമ്മദ് എംപിക്ക് അനുശോചനം രേഖപ്പെടുത്തി അല്‍പ്പസമയം മൗനമാചരിച്ചതിന് ശേഷമാണ് സഭ ആരംഭിച്ചത്. അതിനിടെ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് നാളെ അവതരിപ്പിക്കാമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇ.അഹമ്മദിനോടുള്ള ആദരസൂചകമായി സഭ നാളെ ചേരില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷവും കേരളകോണ്‍ഗ്രസ് അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ജയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചത്.പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും വളര്‍ച്ചാ നിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കിടയിലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ അവതരണം. റെയില്‍പൊതുബജറ്റുകള്‍ ആദ്യമായാണ് ഒരുമിച്ച് അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.