കണ്ണൂരില്‍ യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍;നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് സൂചന

പരിയാരം: കണ്ണൂരിലെ പരിയാരത്ത് യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബക്കളം സ്വദേശി അബ്ദുള്‍ഖാദര്‍ ഖാദര്‍ (38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദിച്ച് കൈകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഖാദര്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച് കൊന്നതാണെന്നും സൂചനയുണ്ട്.മാനസിക രോഗിയും മോഷ്ടാവുമാണിയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഫയര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് ഇയാളുടെ സ്ഥിരം പരിപാടികള്‍. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. നേരത്തെ നിരവധി കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി വിവരമുണ്ട്. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. തളിപ്പറമ്പ്, പഴയങ്ങാടി, വളപട്ടണം, കണ്ണപുരം പൊലീസ് സ്റ്റേഷനുകളില്‍ ഖാദറിനെതിരെ നേരത്തെ കേസുകളുണ്ട്.അടുത്തിടെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഈ സംഭവം.

© 2024 Live Kerala News. All Rights Reserved.