കണ്ണൂര്‍: ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അണ്ടല്ലൂര്‍ സ്വദേശികളായ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.രോഹിന്‍, മിഥുന്‍, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്.സംഭവം തികച്ചും രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) വെട്ടേറ്റ് മരിച്ചത്. സന്തോഷിന്റെ വീട്ടിലെത്തിയ ഒരുസംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഈ സമയം സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളും ബേബിയുടെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷ് ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷക് ആയിരുന്നു. നിലവില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മടം അണ്ടല്ലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കലോല്‍സവ വേദിക്കു മുന്‍പിലൂടെ മൃതദേഹവുമായി വിലാപയാത്ര നടത്തണമെന്ന ആവശ്യവുമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം നഗരത്തില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. സന്തോഷിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. അതെസമയം സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു.