കലോത്സവ വേദിക്കു മുന്നിലൂടെ വിലാപയാത്രയ്ക്ക് അനുമതി;ആംബുലന്‍സും നേതാക്കളുടെ വാഹനങ്ങളും മാത്രം അനുവദിക്കും; പ്രവര്‍ത്തകരെ കടത്തിവിടില്ല

കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവ വേദിയുടെ പ്രധാന വേദിയുടെ മുന്നിലൂടെ കടന്നുപോകും. കലക്ടര്‍ മിര്‍ മുഹമ്മദലി ഇടപെട്ടതോടെയാണ് പ്രശ്‌നത്തിനു പരിഹാരമായത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനും പ്രധാന നേതാക്കള്‍ സഞ്ചരിക്കുന്ന അഞ്ച് വാഹനങ്ങള്‍ക്കും മാത്രമേ കടന്നുപോകാന്‍ അനുവാദമുള്ളൂ. പ്രവര്‍ത്തകര്‍ വിലാപയാത്രയില്‍ പങ്കെടുക്കാതെ പിരിഞ്ഞുപോകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പോലീസ് വാഹനത്തിനു പിന്നാലെയായിരിക്കും വിലാപയാത്ര കടന്നുപോകുക. കലക്ടറുടെ നിര്‍ദേശം പാലിക്കുമെന്ന് കെ.സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.വിലാപയാത്ര പ്രധാന വേദിയായി പോലീസ് ഗ്രൗണ്ടിനു സമീപത്തുകൂടി കടന്നുപോകുന്നതിനെ ചൊല്ലി പോലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വേദിക്കു മുന്നിലൂടെ തന്നെ കൊണ്ടുപോകുമെന്ന് ബി.ജെ.പി പ്രവര്‍ത്തകരും തടയുമെന്നു പോലീസും ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രദേശത്തേക്ക് കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിരുന്നു. ഇതോടെയാണ് കലോത്സവത്തിനെത്തിയ കുട്ടികളുടെ സുരക്ഷയെ കരുതി കലക്ടര്‍ ഇടപെട്ട് സമവായം ഉണ്ടാക്കുകയായിരുന്നു. കലോത്സവത്തിന്റെ മൂന്നു വേദികളാണ് ഈ റോഡിനു സമീപത്തുള്ളത്.പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. പോലീസ് ആരുടേയോ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ഈ നിര്‍ദേശം നേരത്തെ വച്ചിരുന്നുവെങ്കില്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ മറ്റു വഴികളിലൂടെ പിരിഞ്ഞുപോകുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. ധര്‍മ്മടത്തിനു സമീപം അണ്ടല്ലൂരിലാണ് ഇന്നലെ മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ് (52) കൊല്ലപ്പെട്ടത്. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അക്രമി സംഘം സന്തോഷിനെ വെട്ടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊലപാതകത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ സി.പി.എം ഇത് നിഷേധിച്ചു.

© 2024 Live Kerala News. All Rights Reserved.