ട്രംപിനെതിരെ പ്രതിഷേധം ശക്തം; ലണ്ടനില്‍ പങ്കെടുത്തത് ഒരുലക്ഷം ആളുകള്‍; പ്രതിഷേധവുമായി വിവിധ രാജ്യങ്ങളിലെ സ്ത്രീകളും രംഗത്ത്

ലണ്ടന്‍: അമേരിക്കയുടെ പുതിയ  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം പേരാണ്.ലണ്ടനിലെ അമേരിക്കന്‍ എംബസിക്കു മുന്നില്‍നിന്നും ആരംഭിച്ച് ട്രഫാള്‍ഗര്‍ സ്‌ക്വയറിലേക്കായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധമാര്‍ച്ച്. ട്രംപിനെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളും പ്രതിഷേധവാചകങ്ങള്‍ മുദ്രണംചെയ്ത വസ്ത്രങ്ങളുമണിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ ആരുടെയും പ്രേരണയില്ലാതെയായിരുന്നു ആവേശപൂര്‍വം സമരം ചെയ്തത്. ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ സ്ത്രീകളുടെ പ്രതിഷേധവും ശക്തമായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കക്ക് പുറമെ യൂറോപ്പിലെ ലണ്ടന്‍, ബര്‍ലിന്‍, പാരിസ്, സ്റ്റോക്‌ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്‌നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.ട്രംപ് രാജ്യത്തെ വിഭജിക്കുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങള്‍ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ജനങ്ങളെ ബഹുമാനിക്കില്ലെന്ന് ഉറപ്പാണെന്ന് റെസ്റ്റോറന്റ് ഉടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് സ്ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങള്‍ പുറത്ത്‌വന്നിരുന്നു.ബ്രിട്ടിഷ് നഗരങ്ങള്‍ക്കുപുറമേ യൂറോപ്പിലെ വന്‍നഗരങ്ങളായ. ബാഴ്‌സിലോന, റോം, ആംസ്റ്റര്‍ഡാം, ജനീവ, പ്രാഗ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധറാലികള്‍ അരങ്ങേറി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡിലും ട്രംപിനെതിരായ വനിതാ പ്രതിഷേധത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു. കഴിഞ്ഞദിവസം മാന്‍ഡ്രിഡിലെ വാക്‌സ് മ്യൂസിയത്തിലുള്ള ട്രംപിന്റെ മെഴുകുപ്രതിമയ്ക്കു മുന്നില്‍ മേല്‍വസ്ത്രമുരിഞ്ഞ് ഒരു സ്ത്രീ നടത്തിയ പ്രതിഷേധപ്രകടനം സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടിയത്. വെള്ളിയാഴ്ച നടന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും 217 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കെ. സ്ട്രീറ്റില്‍ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ കടകളും ബസ്‌സ്റ്റോപ്പുകളും അടിച്ചു തകര്‍ത്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ് പ്രകടനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ഏഴ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.