ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ നടപടി; ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചു;പുതിയ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരവിലില്ല

വാഷിങ്ടണ്‍: ഒബാമ കെയര്‍ മരിവിപ്പിക്കുന്ന ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി മുന്‍ പ്രസിഡന്റ്ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒബാമാ ഭരണത്തിന്റെ മുഖമുദ്രയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഒബാമാ കെയര്‍. പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതേക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.നേരത്തെ പദ്ധതി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകള്‍ക്ക് അമേരിക്കന്‍ ജനപ്രതിനിധി സഭയിലും 41നെതിരെ 58 വോട്ടുകള്‍ക്ക് അമേരിക്കന്‍ സെനറ്റിലും പാസായിരുന്നു.രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പദ്ധതി വേണ്ടെന്നു വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.