45ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു; പ്രതിഷേധം ശക്തം

വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റു. വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലാണ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തു. ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രംപ് അധികാരമേറ്റത്.സത്യപ്രതിജ്ഞാ ചങ്ങില്‍ ഒബാമയ്ക്കും മിഷേലിനും നന്ദി പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. അധികാരം ജനങ്ങളെ തിരിച്ചേല്‍പ്പിക്കുന്നതായും അമേരിക്കയെ ലോകത്ത് ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുമെന്നും പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.ലോകത്ത് ഇസ്‌ലാമിക ഭീകരവാദം തുടച്ചുനീക്കുമെന്നും ഇതിനായി പഴയ സഖ്യങ്ങളെ സജ്ജമാക്കുമെന്നും പുതിയ ആളുകളുമായി കൂട്ടുകൂടുമെന്നും ട്രംപ് പറഞ്ഞു. ഒരുമിച്ച് നിന്ന് അമേരിക്കയെ കൂടുതല്‍ ശക്തവും സുരക്ഷിതവും സമ്പന്നവുമായ രാഷ്ട്രമാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് അധികാരമേറ്റത്. വാഷിങ്ടണിലും വൈറ്റഹൗസിന് സമീപവും ന്യൂയോര്‍ക്കിലുമെല്ലാം പ്രതിഷേധമുണ്ടായി. ജനക്കൂട്ടം അമേരിക്കയുടെ ദേശീയപതാക കത്തിച്ചുകൊണ്ടാണ് ട്രംപിനെതിരെ പ്രതിഷേധിച്ചത്.
വാഷിങ്ടണില്‍ പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടി.പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് രാജ്യമെങ്ങുമുള്ളത്. 2016 നവംബര്‍ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേല്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.