കണ്ണൂര്‍ ഹര്‍ത്താല്‍; കലോത്സവ നഗരിയില്‍ ബിജെപി മാര്‍ച്ച്; മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി, കണ്ണീര്‍ വാതകം; സിഐടിയു ഓഫീസിനു നേരെ കല്ലേറ്;പൊലീസ് സന്നാഹം ശക്തമാക്കി

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.ജവഹര്‍ സ്റ്റേഡിയത്തിന് മുന്നില്‍ വെച്ചാണ് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.കൂടുതല്‍ പോലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി ഐജി ദിനചന്ദ്ര കശ്യപ് അറിയിച്ചു. തളിപ്പറമ്പില്‍ ബിജെപി പ്രകടനത്തിനിടെ സിഐടിയു ഓഫീസിനു നേരെ കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. തലശേരിയിലെ കൊലപാതകത്തിലും തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിലും പ്രതിഷേധിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നു. അതേസമയം, ഹര്‍ത്താല്‍ സ്‌കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേജ് ഇനങ്ങളില്‍ പ്രശ്‌നമുണ്ടാകില്ല. മല്‍സരങ്ങളെല്ലാം കൃത്യസമയത്തു നടക്കും. ഗതാഗത കമ്മിറ്റി യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. മല്‍സരാര്‍ഥി, കൂടെ വരുന്ന ഒരാള്‍ എന്നിവര്‍ക്കു മാത്രമായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ത്താല്‍ പ്രമാണിച്ചു മല്‍സരാര്‍ഥികള്‍ക്ക് ഒപ്പമുള്ള എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചുണ്ടെന്നും കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കൂടെ വന്നവര്‍ക്കും ജഡ്ജുമാര്‍ക്കും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ കലോല്‍സവത്തിനടക്കം വന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ തടഞ്ഞത് നേരത്തെ ആശങ്ക പടര്‍ത്തിയിരുന്നു.ധര്‍മടത്തിനു സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) മരിച്ചത്. രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.