കണ്ണുരില്‍ വീണ്ടും കൊലപാതകം; ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍;കലോത്സവത്തെ ബാധിച്ചേക്കും

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂര്‍ അണ്ടല്ലൂര്‍ സ്വദേശി സന്തോഷ് (52) ആണ് മരിച്ചത്.ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിപ്പ് തടയില്ല എന്നു ബിജെപി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11.30ഓടെയാണ് കൊലപാതകം നടന്നത്. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.സംഭവസമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സന്തോഷ് തന്നെയാണ് വെട്ടേറ്റവിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത്. പിന്നീട് പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന സന്തോഷ് മരിക്കുകയായിരുന്നു. എന്നാല്‍ സംഭവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.