ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം. രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടികളിലെ അതിഥികള്‍ക്ക് വിസിയുടെ വിലക്ക്. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവര്‍ക്കാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.ഇക്കാര്യം വ്യക്തമാക്കി വൈസ് ചാന്‍സിലര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.’മരണാനന്തരജീവിതത്തില്‍ എനിയ്ക്ക് വിശ്വാസമില്ല. ഞാനാകെ വിശ്വസിച്ചത് നക്ഷത്രങ്ങളെയാണ്. മരണശേഷം നക്ഷത്രങ്ങളിലേയ്ക്ക് യാത്ര ചെയ്യാമെന്ന് ഞാന്‍ കരുതുന്നു. ഇതരലോകങ്ങളെക്കുറിച്ച് അറിയാമെന്നും. അതെ, നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേയ്ക്ക്’ഹൈദരാബാദ് സര്‍വകലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുറിയിലിരുന്ന് രോഹിത് വെമുല എന്ന 26 കാരന്‍ ഒരു വര്‍ഷം മുന്‍പ് കുറിച്ച വരികളാണിത്. രോഹിതിന്റെ ചരമവാര്‍ഷികമായ ഇന്ന് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ എല്ലാം പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്.