ഹൈദരാബാദ് സര്‍വകലാശാലയിലെ വിസി അപ്പാ റാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; നാളെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രവേശിക്കും

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിസി അപ്പാ റാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 25 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മിയാപൂര്‍ മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചു. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കാമെന്ന് കോടതി അറിയിച്ചു. ഒരാഴ്ചയായി വിദ്യാര്‍ത്ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നാണ് വി.സി അപ്പാ റാവുവിന് എതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നത്. അപ്പാറാവുവിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. തുടര്‍ന്ന നീണ്ട അവധിയില്‍ പ്രവേശിച്ച അപ്പാറാവു കഴിഞ്ഞ ആഴ്ചയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. തിരികെ എത്തിയ വിസിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്. സര്‍വകലാശാല ക്യാമ്പസ് സംഘര്‍ഷഭരിതമാക്കി എന്നും പൊതു മുതല്‍ നശിപ്പിച്ചു എന്നും ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ എത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.