ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം; വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു; ക്യാമ്പസ് അടച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ അപ്പാറാവു രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസില്‍ പ്രതിക്ഷേധം ശക്തമായി. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് സമരവുമായി മുമ്പോട്ട് പോകുന്നതോടെ സര്‍വ്വകലാശാല അടച്ചു. അടച്ചിട്ട ഹോസ്റ്റലുകള്‍ തുറന്നിട്ടില്ലെങ്കിലും കുടിവെള്ളവും വൈദ്യുതിയും ക്യാമ്പസില്‍ പുന:സ്ഥാപിച്ചു. സമരവുമായി മുമ്പോട്ട് പോകുമെന്നാണ് സംയുക്ത സമര സമിതി പറയുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കോലം കത്തിച്ചു. ശനിയാഴ്ച വരെ കാമ്പസും ഹോസ്റ്റലും മെസ്സും അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച ക്യാമ്പസില്‍ പൊലീസിന്റെ ക്രൂരതയില്‍ സംയുക്ത സമരസമിതി പ്രതിഷേധിച്ചു. സമരത്തിന് ആഭിമുഖ്യം പ്രഖ്യാപിച്ച് മൈസൂരിലെ വിവിധ കോളേജുകള്‍ സമരത്തില്‍ പങ്കാളികളായി. പുറത്ത് നിന്നും ആരെയും അനുവദിക്കാതെ സമരം അടിച്ചൊതുക്കാനാണ് സര്‍വ്വകലാശാലയുടെ നീക്കം. ഇതിനായി നൂറു കണക്കിന് പൊലീസുകാരെ ക്യാമ്പസില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് പ്രകടനം നടത്തി. കോളേജും ഹോസ്റ്റലും അടച്ചിട്ടതും പ്രതിഷേധത്തിന് കാരണമായി. ചൂടുകാലമായിട്ടും കുടിക്കാന്‍ വെള്ളം പോലും നല്കുന്നില്ലെന്ന് വിദ്യര്‍ഥികള്‍ പറഞ്ഞു. ഏതുസമയവും അക്രമം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കാമ്പസ് കവാടത്തില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തിയ ജെ.എന്‍.യു. വിദ്യാര്‍ഥിനേതാവ് കനയ്യകുമാറിനെ കാമ്പസിലേക്ക് കടത്തിവിട്ടില്ല.

© 2024 Live Kerala News. All Rights Reserved.