രോഹിത് വെമുല ദളിതനല്ല; വധേര സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണെന്ന് അന്വേഷണ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട്; എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് രോഹിതിന്റെ സഹോദരന്‍

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ദളിതനല്ലെന്നും വധേര സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണെന്നും അന്വേഷണ കമ്മിഷന്റെ പുതിയ റിപ്പോര്‍ട്ട്. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച റിട്ട.ജസ്റ്റിസ് എ.കെ.റൂപന്‍വാള്‍ കമ്മിഷനാണ് 26 കാരനായ രോഹിത് ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയല്ല എന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്മൃതി ഇറാനി മാനവ വിഭവവകുപ്പ് മന്ത്രിയായിരിക്കേയായിരുന്നു രൂപന്‍വാളിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. രോഹിത് വെമുല ദളിതനല്ലെന്നും വധേര സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണെന്നും ഇതു ഒബിസി വിഭാഗത്തില്‍പ്പെടുന്നതാണെന്നുമാണ് കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യു.ജി.സി.ക്ക് മുന്‍പാകെ കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ മന്ത്രാലയത്തിന് മുന്‍പാകെ ലഭിച്ചിട്ടില്ലെന്നായിരുന്നു മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിന്റെ പ്രതികരണം. കമ്മീഷന്‍ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് രോഹിതിന്റെ സഹോദരന്‍ രാജ പ്രതികരിച്ചു. ഞങ്ങള്‍ ദളിതരാണ്. ദളിതരായിട്ട് തന്നെയാണ് ഇത്രയും കാലം ജീവിച്ചതും. എന്റെ പിതാവ് പിന്നാക്കജാതിയില്‍പ്പെട്ട ആളാണ്. ജാതിവിവേചനം നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ ഇക്കാലമത്രയും ജീവിച്ചത്. അത് രോഹിതിന്റെ കുറിപ്പുകളിലും വ്യക്തമാക്കിയ കാര്യമാണെന്നും സഹോദരന്‍ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.