ക്രൂരമായി പൊലീസ് മര്‍ദ്ദനമേറ്റ ഉദയഭാനുവിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; ഹൈദരാബാദ് ക്യാമ്പസില്‍ പ്രതിഷേധം ശക്തം

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിസി അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പസിലെ പ്രതിഷേധത്തിനിടെയില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി ഉദയഭാനുവിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പൊലീസിന്റെയും അര്‍ദ്ധ സൈനികരുടെയും ആക്രമണത്തില്‍ അതിക്രൂരമായി മര്‍ദനമേറ്റ ഉദയഭാനു മണിക്കൂറുകളായി അബോധാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഉദയഭാനുവിന് ബോധം തെളിഞ്ഞത്. ഹൈദരാബാദിലെ പ്രണാം ഹോസ്പിറ്റലിലാണ് ഉദയഭാനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ 44 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ക്യാമ്പസില്‍ പ്രതിഷേധം തുടരുകയാണ്.

സര്‍വകലാശാലക്ക് മുന്നില്‍ രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുലയും രോഹിത്തിന്റെ സഹോദരനുമാണ് ധര്‍ണയിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും കൊലയാളി അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണമെന്നും അമ്മ രാധിക വെമുലയും സഹോദരനും ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഇന്നലെ സര്‍വകലാശാലയിലേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല. ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും കണ്ടതിന് ശേഷമാണ് കനയ്യ സര്‍വകലാശാലയിലെത്തിയത്. എന്നാല്‍ ക്യാമ്പസിലേക്ക് കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന കാരണം പറഞ്ഞാണ് സന്ദര്‍ശനം വിലക്കിയത്. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിന് മുന്നില്‍ കനയ്യ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എത്ര രോഹിത് വെമൂലമാരെ നിങ്ങള്‍ക്ക് കൊല്ലാനാകുമെന്ന് ചോദിച്ചായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രോഹിതിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രോഹിതിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കനയ്യ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇന്റര്‍നെറ്റ് കണക്ഷനും അധികൃതര്‍ നിര്‍ത്തലാക്കി. വിസി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ക്ലാസുകള്‍ക്ക് 27 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.