കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസ് ഹര്‍ത്താല്‍ ആരംഭിച്ചു;കെഎസ്ആര്‍ടിസിക്ക് നേരേ കല്ലേറ്

കോട്ടയം:ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി(സി.എസ്.ഡി.എസ്.) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൂടാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകളും ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.
കോട്ടയംകുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍ കവല എന്നിങ്ങനെ മിക്കയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. വൈകുന്നേരം കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂര്‍,വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ഹര്‍ത്താലിനെ ബിഎസ്പിയും പിന്തുണക്കുന്നുണ്ട്.കോട്ടയം എംജി സര്‍വകലാശാല ക്യാമ്പസിലെ ദളിത് വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് എസ്എഫ്‌ഐ ആക്രമിച്ചതെന്ന് ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ജനുവരി 17 രോഹിത് വെമുല ഓര്‍മ്മ ദിനത്തിന്റെ അന്ന് തന്നെ ഹര്‍ത്താല്‍ നടത്താന്‍ സിഎസ്ഡിഎസ് തീരുമാനിച്ചതെന്നാണു സൂചന.

© 2024 Live Kerala News. All Rights Reserved.