നാളെ മുതല്‍ നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായി ടി നസറുദ്ദീന്‍

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു. നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും ടി.നസറുദ്ദീന്‍ പറഞ്ഞു.കൂടാതെ മണ്ഡലകാലമായതും ജനങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് മനസിലാക്കിയുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിയന്ത്രണത്തിലും നികുതി സംബന്ധിച്ചുമുള്ള വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യാനായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലെ പാളിച്ച കച്ചവടത്തെ ബാധിച്ചതിനാലാണ് കടകളടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചിരുന്നത്. 500, 1000 രൂപയുടെ പഴയനോട്ടുകള്‍ അടുത്തമാസം 31വരെ മാറാനുള്ള സാവകാശമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധന നടത്തുകയും ഇത്തരം നോട്ടുകള്‍ കൈവശമുള്ള വ്യാപാരികളെ ഭീഷണിപ്പെടുത്തുകയുമാണെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പഴയ നോട്ട് ഉപഭോക്താക്കളുടെ കൈയില്‍നിന്ന് വാങ്ങാന്‍ കഴിയാതിരുന്നതും പുതിയവ ആവശ്യാനുസരണം കിട്ടാനില്ലാതായതു കാരണം കടകള്‍ അടച്ചിടാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍.

© 2024 Live Kerala News. All Rights Reserved.