പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ട്രംപിനെതിരെ വാഷിങ്ടണില്‍ വന്‍ പ്രതിഷേധം;മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ വാഷിങ്ടനില്‍ വന്‍ പ്രതിഷേധം. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൗരാവകാശ സംഘടനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.അതിനിടെ യുഎസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസിനെ അധിക്ഷേപിച്ചു ട്രംപ് വീണ്ടും വിവാദത്തില്‍പ്പെട്ടു.രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റായ റെവറന്റ് അല്‍ ഷാര്‍പ്‌റ്റോണിന്റെ നേതൃത്വത്തിലായിരുന്നു ട്രംപിനെതിരായ പ്രതിഷേധം. നാഷണല്‍ മാളില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്ന യുഎസ് കാപിറ്റലിലാണ് അവസാനിച്ചത്. ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെയും ഒബാമ കെയര്‍ പിന്‍വലിച്ചതിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ‘ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സമീപനം പുനരോലോചിക്കേണ്ടതുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് അവസാനിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജനുവരി 20നു ശേഷം തങ്ങള്‍ കൂടുതല്‍ കരുത്തോടെ തെരുവിലങ്ങുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പും നല്‍കി.

© 2024 Live Kerala News. All Rights Reserved.