ശശികല മുഖ്യമന്ത്രിയാകണമെന്ന് തമ്പി ദുരെ;എഐഎഡിഎംകെയില്‍ അധികാര ചരടുവലിയുമായി ഒരു വിഭാഗം

ചെന്നൈ:എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികല നടരാജന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരെ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരും നേതാക്കളും ഇതാണ് ആഗ്രഹിക്കുന്നത്. ജനറല്‍ സെക്രട്ടറിയായി ശശികല എത്തിയതോടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജമായി. തമിഴ് ജനതയുടെ പ്രതീക്ഷ കാക്കാന്‍ ശശികലയ്ക്ക് ആകുമെന്നും തമ്പിദുരൈ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടിക്കും സര്‍ക്കാരിനും രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ശരിയാകില്ല. ഇങ്ങനെയുണ്ടായാല്‍ സര്‍ക്കാരിനു ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് അടുക്കാന്‍ രണ്ടുവര്‍ഷമിരിക്കെ, ജയലളിതയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശശികല മുഖ്യമന്ത്രിയാകേണ്ടത് അത്യാവശ്യമാണ് തമ്പിദുരൈ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഒ. പനീര്‍സെല്‍വത്തിന്റെ നിലപാടെന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.ഇതാദ്യമായാണ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രി മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പനീര്‍ശെല്‍വം മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 31 നാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി ശശികല നടരാജന്‍ ചുമതലയേറ്റത്.

© 2024 Live Kerala News. All Rights Reserved.