അടുത്ത 100 വര്‍ഷം അണ്ണാ ഡിഎംകെ തന്നെ തമിഴ്‌നാട് ഭരിക്കും; എന്റെ ജീവിതം തമിഴ്ജനതയ്ക്ക് വേണ്ടി നീക്കി വച്ചിരിക്കുകയാണെന്നും ശശികല; പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ െസക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അടക്കമുള്ള നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് ശശികല പദവി ഏറ്റെടുത്തത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു ശശികല. ‘അമ്മ’ ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും അടുത്ത 100 വര്‍ഷം അണ്ണാ ഡിഎംകെ തന്നെ തമിഴ്‌നാട് ഭരിക്കുമെന്ന് അണികളോടായി ശശികല പറഞ്ഞു. ജലയളിതയെ ഓര്‍മിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനെത്തിയത്.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന സ്ത്രീമുഖമെന്ന നിലയില്‍ ഇന്ദിരാഗാന്ധിയെ മാത്രം ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്ന ഒരു കാലത്താണ് സര്‍വ പാരമ്പര്യങ്ങളെയും തകര്‍ത്തെറിഞ്ഞ് ജയലളിത ചരിത്രം കുറിച്ചതെന്നും ശശികല പറഞ്ഞു.തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വന്തം സര്‍ക്കാരാണ്. അമ്മ തെളിച്ചുതന്ന പാതയിലൂടെത്തന്നെ ഈ സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇനിയുള്ള എന്റെ ജീവിതം ഈ പാര്‍ട്ടിക്കുവേണ്ടിയും തമിഴ്‌നാട്ടിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടിയും നീക്കി വച്ചിരിക്കുകയാണെന്നും ശശികല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.