യുഎസ് റഷ്യ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പുടിനെ പുകഴ്ത്തി ട്രംപ്;പുടിന്റേത് വളരെ നല്ല നയതന്ത്ര നീക്കം;പുടിന്‍ ഊര്‍ജസ്വലനായ നേതാവാണെന്നും ട്രംപ്

വാഷിങ്ടണ്‍: റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യുഎസ് നടപടിക്കു പകരമായി യുഎസിന്റെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്. പുടിന്റേത് വളരെ നല്ല നയതന്ത്ര നീക്കമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. പുടിന്‍ വളരെ ഊര്‍ജസ്വലനായ നേതാവാണെന്ന് തനിക്ക് നേരത്തെതന്നെ അറിയാവുന്നതാണെന്നും ട്രംപ് കുറിച്ചു.നേരത്തെ, ‘എന്റെ സുഹൃത്ത് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ നമുക്കു കാത്തിരിക്കാം’ എന്നു വ്യക്തമാക്കിക്കൊണ്ടാണു യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ശുപാര്‍ശ പുടിന്‍ തള്ളിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ അനധികൃത ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചാണു യുഎസ് കഴിഞ്ഞദിവസം നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത്.വാഷിങ്ടണിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നാണു 35 പ്രതിനിധികളെ പുറത്താക്കിയത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അടിക്കു തിരിച്ചടി എന്ന നിലയിലാണ്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയം 35 യുഎസ് പ്രതിനിധികളെ രാജ്യത്തുനിന്നു പുറത്താക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടത്.മോസ്‌കോയിലെ യുഎസ് എംബസിയില്‍നിന്നു 31 പേരെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റില്‍നിന്നു നാലുപേരെയും പുറത്താക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍, ട്രംപ് വരുന്നതുവരെ കാത്തിരിക്കാമെന്നു പറഞ്ഞ് പുടിന്‍ ഇതു തടഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പാക്കാന്‍ റഷ്യ ഇടപെട്ടുവെന്നാണ് യുഎസ് ആരോപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.