പുതുവര്‍ഷത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; ആവശ്യത്തിനു നോട്ട് നല്‍കാനാകില്ലെന്ന് ആര്‍ബിഐ

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്പള-പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ നോട്ടുകള്‍ നല്‍കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്.
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്ന് ആര്‍ബിഐ അറിയിച്ചു. മൂന്നാം തീയതി മുതല്‍ 13ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. ഡിസംബര്‍ മാസത്തെ ശമ്പള വിതരണത്തെക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണു വരുന്ന മാസത്തെ ശമ്പള വിതരണത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത്. ആവശ്യമുള്ളതിന്റെ 60% മാത്രം തുകയേ കൈമാറാനാകൂയെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചു പരിഹാരം തേടുന്നതിനായി ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി, എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിന് ആവശ്യമുള്ള തുക ഈ മുന്നു ബാങ്കുകളിലേക്കുമായി ആര്‍ബിഐ കൈമാറും. ഇതോടെ ആവശ്യമുള്ള തുക ജനങ്ങള്‍ക്കു പിന്‍വലിക്കാനാകില്ലെന്ന സാഹചര്യവും ഉയരും.ട്രഷറികള്‍ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് നല്‍കാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാന്‍ ആദ്യ രണ്ട് മൂന്ന് ദിനങ്ങളില്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. പലയിടത്തും 24,000 രൂപ പോലും നല്‍കാന്‍ കഴിഞ്ഞില്ല. ഡിസംബറിലെ സ്ഥിതി പുതുവര്‍ഷത്തില്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

© 2024 Live Kerala News. All Rights Reserved.