ഇന്നു മുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ല;ലഭിക്കുക പുതിയ നോട്ടുകള്‍;മുന്‍ നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണങ്ങള്‍ തുടരും; എടിഎം വഴി പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരും

മുംബൈ: ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന തുക പിന്‍വലിക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം ഭാഗികമായി ഇന്ന് മുതല്‍ നീക്കം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് മുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ല. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാം. നിലവില്‍ ആഴ്ച്ചയില്‍ 24,000 രൂപ പിന്‍വലിക്കാനെ സാധ്യമാകൂ. അതേസമയം ഇന്നലെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണങ്ങള്‍ തുടരും. ഇന്നലെ വരെ നിക്ഷേപിച്ച തുകയില്‍ നിന്നും പ്രതിവാരം 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ. എടിഎമ്മുകള്‍ മുഖേന പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും മാറ്റമൊന്നുമില്ല. എടിഎം വഴി മുന്‍നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ തുക പിന്‍വലിക്കാനാവില്ല. പ്രതിദിനം 2500 രൂപ വരെയാണ് എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാനാകുക.ഇപ്പോഴും മിക്ക എ ടി എമ്മുകളിലും 2000 ന്റെ നോട്ട് മാത്രമാണ് കിട്ടുന്നത് എന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മാസാവസാനമായതോടെ ശമ്പളം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പുതിയ ഇളവ് സഹായകമാവും. ഇങ്ങനെ നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.