പുതിയ നോട്ടുകള്‍ ഇനി പാകിസ്താന് നിര്‍മ്മിക്കാന്‍ കഴിയില്ല; ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: അസാധുവാക്കിയ 500,1000 നോട്ടുകള്‍ക്ക് പകരം പുറത്തിറങ്ങിയ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മ്മിക്കാന്‍ പാകിസ്താന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. വ്യാജമായി നോട്ട് നിര്‍മിക്കുന്നവര്‍ക്ക് പകര്‍ത്താനാവാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനറലിജന്‍സ് ഗവേഷണ വിഭാഗം പറയുന്നു. ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ആറുമാസം കൊണ്ട് നോട്ടുകള്‍ അച്ചടിച്ചത്. പാകിസ്താനിലെ പെഷവാറില്‍ 500, 1000 ഇന്ത്യന്‍ നോട്ടുകള്‍ വ്യാപകമായി അച്ചടിക്കുന്നതായും യഥാര്‍ഥ നോട്ടുകളുമായി യാതൊരു വ്യത്യാസവുമില്ലാത്ത വ്യാജനോട്ടുകള്‍ അച്ചടിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളതെന്നും നേരത്തേതന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 1990 കളുടെ അവസാനത്തോടെയാണ് പാകിസ്താനില്‍ നിന്ന് കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് മനസ്സിലായത്. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ പെഷാവറിലാണ് ഇവ നിര്‍മിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചിരുന്നു.വര്‍ഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാകിസ്താന്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം സ്വരൂപിക്കാനായി ഇന്ത്യയിലെ അനുഭാവികള്‍ക്ക് എത്തിക്കാനാണ് പ്രധാനമായും പാക്ക് നിര്‍മിത കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.