500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി;ഈ മാസം 24 വരെ ഉപയോഗിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യസര്‍വീസുകള്‍ക്ക് 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 24 വരെ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ശ്മശാനം, സര്‍ക്കാര്‍ ഫാര്‍മസികള്‍ തുടങ്ങിയ ഇടങ്ങളിലാണു പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇതിന്റെ സമയപരിധി ഇന്നു രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെയാണ് ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി 24 വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ടുപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാള്‍ സാധിക്കുമെന്ന്, നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപനം നടത്തിയ ചൊവ്വാഴ്ചതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. വെള്ളിയാഴ്ച വരെയായിരുന്നു ഇതിന് അദ്ദേഹം അനുവദിച്ച സമയപരിധി. എന്നാല്‍, നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഫലം കാണാതെ വന്നതോടെ സമയപരിധി മൂന്നു ദിവസം കൂടി നീട്ടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജവകുപ്പു മന്ത്രി പിയൂഷ് ഗോയല്‍, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.