അമ്മയ്ക്ക് പകരം ചിന്നമ്മ തലപ്പത്ത്;ശശികല അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി; ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി; ജയലളിതയുടെ ആത്മാവ് ശശികലയെ നയിക്കുമെന്നു പ്രമേയം

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി ശശികലാ നടരാജനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി .പാര്‍ട്ടി ഭരണഘടനാ പ്രകാരം പുതിയ ജനറല്‍ സെക്രട്ടിയെ തിരഞ്ഞെടുക്കും വരെയാണ് ഇത്. 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ പാസാക്കിയത്. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ജയലളിതയ്ക്ക് മാഗ്‌സസെ അവാര്‍ഡ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എന്നിവ നല്‍കണമെന്നും അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പാസാക്കിയ പ്രമേയങ്ങളില്‍ ആവശ്യപ്പെടുന്നു. ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം പാര്‍ലമെന്റില്‍ ജയയുടെ വെങ്കല പ്രതിമ സ്ഥാപിക്കുക എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയത്. ഒന്‍പതരയ്ക്ക് ചേര്‍ന്ന യോഗത്തില്‍ ഉടന്‍ തന്നെ പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു. ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ജയലളിതയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിനു പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം നല്‍കിയ മറുപടി അമ്മയ്ക്ക് പകരം ചിന്നമ്മ മാത്രം എന്നാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ജയയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നായിരുന്നു മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവരുടെ ആഗ്രഹം. പ്രവര്‍ത്തകരില്‍ ചിലര്‍ അതൃപ്തിയുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ശശികല നടരാജന്‍ തന്നെ പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുകയാണ്.

© 2024 Live Kerala News. All Rights Reserved.