നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങല ഇന്ന്;തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ലക്ഷങ്ങള്‍ ചങ്ങലയില്‍ കൈകോര്‍ക്കും; പിണറായിയും വിഎസും തിരുവനന്തപുരത്ത്

തിരുവനന്തപുരം:നോട്ട് പ്രതിസന്ധിയും സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ഇന്ന് ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ കൈകോര്‍ക്കും. തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെയാണ് ജനം പ്രതിഷേധത്തിന്റെ ചങ്ങലയൊരുക്കുക. വൈകീട്ട് അഞ്ചിന് ദേശീയപാതയുടെപടിഞ്ഞാറുവശത്താണ് ചങ്ങലയൊരുക്കുക. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകം ചങ്ങലയൊരുക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളാവുക. വൈകിട്ട് നാലോടെ ചങ്ങലയില്‍ അണിചേരാനുള്ള പ്രവര്‍ത്തകരും ജനങ്ങളും അതാതു സ്ഥലങ്ങളിലെത്തണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ത്ഥിച്ചു. അഞ്ചിന് പ്രതിജ്ഞ ചൊല്ലും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, വി. ശശി, അഡ്വ. എന്‍. രാജന്‍, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ കണ്ണികളാവും.

© 2024 Live Kerala News. All Rights Reserved.