എല്‍ഡിഎഫ് പ്രകടനപത്രിക ഇന്ന്;അഞ്ച് വര്‍ഷത്തേക്ക് വില വര്‍ധനയില്ല; കാര്‍ഷിക, വ്യാവസായിക മേഖലയുടെ വികസനത്തിന് ഉതകുന്ന പ്രഖ്യാപനങ്ങളുണ്ടാകും

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകും. കാര്‍ഷിക, വ്യാവസായിക മേഖലയുടെ വികസനത്തിന് ഉതകുന്ന പ്രഖ്യാപനങ്ങളുണ്ടാകും. അതേസമയം സിപിഐഎം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ മിക്കതും പ്രകടനപത്രികയില്‍ ഇടം പിടിച്ചതായാണ് സൂചന. ഇടതുമുന്നണിയുടെ മദ്യനയത്തിലും പ്രകടന പത്രികയില്‍ വ്യക്തതയുണ്ടാകും.

മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെങ്കിലും മദ്യഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട നടപടികളും പ്രകടനപത്രികയില്‍ വിശദീകരിക്കും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമെന്ന വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണു പ്രകടനപത്രികയില്‍ തിരുത്തല്‍ വരുത്തിയതെന്നാണു വിവരം. പ്രകടന പത്രികയുടെ പ്രകാശനം ഇന്നു വൈകിട്ട് എകെജി സെന്ററില്‍ നടക്കും. ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്. മുന്നണി അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തു സൃഷ്ടിക്കും. വ്യവസായ രംഗത്ത് തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും. ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. മാവേലി സ്‌റ്റോര്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, നീതി സ്‌റ്റോര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും. ഇതിനുശേഷം വരുന്ന അഞ്ചുവര്‍ഷക്കാലത്തേക്ക് ഈ ഭക്ഷ്യസാധനങ്ങള്‍ക്കു വില വര്‍ധനയുണ്ടാകില്ല. പരിസ്ഥിതിയും കാര്‍ഷികമേഖലയും സംരക്ഷിക്കാനുള്ള പദ്ധതികളും പ്രകടനപത്രികയില്‍ പറയുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും.

© 2024 Live Kerala News. All Rights Reserved.