എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകും

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സിപിഎം മത്സരിക്കുന്ന 92 സീറ്റുകളിലേയും മറ്റ് ഘടകക്ഷികകളുടേയും ആദ്യഘട്ടസ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാക്കും.
തര്‍ക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. സിപിഎം 92 സീറ്റുകളിലും സിപിഐ 27 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് (5), എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ 4 വീതം സീറ്റുകളിലും ഐഎന്‍എല്‍ 3 സീറ്റിലും മറ്റു പാര്‍ട്ടികള്‍ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കിയിരുന്നു. സിറ്റിംഗ് എംഎല്‍എമാരായ ഇഎസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവരും പികെവിയുടെ മകള്‍ ശാരദ മോഹനും ആണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതകള്‍. രണ്ടു ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ആറു പേര്‍ക്ക് ഇളവു നല്‍കി. മുന്‍മന്ത്രിമാരായ സി ദിവാകരന്‍ നെടുമങ്ങാട്ടും മുല്ലക്കര രത്‌നാകരന്‍ ചടയമംഗലത്തും മത്സരിക്കും. കയ്പമംഗലം എംഎല്‍എ ആയ വിഎസ് സുനില്‍കുമാറിന് തൃശൂര്‍ സീറ്റ് നല്‍കി.

© 2024 Live Kerala News. All Rights Reserved.