ശശികലയ്‌ക്കെതിരെ പ്രതിഷേധം;പോയസ് ഗാര്‍ഡന് മുന്നില്‍ സംഘര്‍ഷം;ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിഷേധക്കാര്‍

ചെന്നൈ:എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലയെ അവരോധിക്കുന്നതില്‍ പ്രതിഷേധം. ശശികല പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ഒരുവിഭാഗം അണികള്‍ പോയസ് ഗാര്‍ഡന് മുന്നിലെത്തി. ഇവരെ പൊലീസ് പിടിച്ചുനീക്കി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നടി ഗൗതമിയുടെ കത്ത് സാധാരണക്കാരുടെ വികാരമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയലളിത 75 ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഇക്കാലമത്രയും ആശുപത്രിയില്‍ എന്താണ് നടന്നതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടു മതി ശശികലയുടെ സ്ഥാനാരോഹണമെന്നാണ് പ്രതിഷേധമുയര്‍ത്തുന്ന പ്രവര്‍ത്തകരുടെ നിലപാട്.നേരത്തെ, ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലുളള ചികിത്സ, രോഗം കുറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍, ഉടനടി ഉണ്ടായ മരണം ഇത്തരം സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചിരുന്നെന്നുമാണ് ഗൗതമി കത്തില്‍ പറഞ്ഞിരുന്നത്. ഇതേ സംശയമാണ് അണികളില്‍ ചിലര്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.