ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി;ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍; അണ്ണാ ഡിഎംകെ ഔദ്യോഗിക ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്

ചെന്നൈ: ജയലളിതയുടെ തോഴി ശശികല എ.ഐ.എ.ഡി.എം.കെ പുതിയ ജനറല്‍ സെക്രട്ടറിയാകും.
. ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ ഒദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ഇക്കാര്യം ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്ന് പാര്‍ട്ടി വക്താവ് സരസ്വതി അറിയിച്ചു.പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസാമിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ശശികലയുടെ സ്ഥാനാരോഹണം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ 27 വര്‍ഷമായി ജയലളിത ആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. അമ്മയുടെ പാത പിന്തുടരുന്ന അണികളെ സംരക്ഷിക്കുന്ന കഴിവുള്ള ഒരാളെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ പ്രതികരിച്ചത്.അതേസമയം, സര്‍ക്കാരിലും പാര്‍ട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കി. അധികം വൈകാതെ ബന്ധുക്കളെ പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ അമരത്തേയ്ക്ക് വരുന്നതിന് മുന്‍പ് പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. നിലവില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അടക്കമുള്ള ബന്ധുക്കള്‍ പോയസ് ഗാര്‍ഡനിലാണ് താമസിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. 2011 ല്‍ ജയലളിത പുറത്താക്കിയ ശശികലയുടെ ബന്ധുക്കളെല്ലാം അവരുടെ മരണശേഷം പോയസ് ഗാര്‍ഡനിലെ വസതിയില്‍ തിരികെയെത്തി സ്ഥിരതാമസമാക്കിയത് പ്രവര്‍ത്തകരിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ശശികലയുടെ നടപടി. ഏതെങ്കിലും തരത്തില്‍ ബന്ധുക്കള്‍ ഭരണത്തിലും പാര്‍ട്ടിയിലും ഇടപെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ശശികല വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി മന്ത്രിസഭായോഗം ചേര്‍ന്നു. എന്നാല്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പനീര്‍ശെല്‍വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് ഇതുവരെ 280 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. 203 പേരുടെ പട്ടിക പാര്‍ട്ടി ഇന്ന് പുറത്തുവിട്ടു. മുമ്പ് 77 പേരുടെ വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.