ജയലളിതയുടെ വേര്‍പാടില്‍ മനംനൊന്ത് 77 മരണം;മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപം വീതം ധനസഹായം; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ വേര്‍പാടില്‍ മനംനൊന്ത് തമിഴ്‌നാട്ടിലാകെ 77 പേര്‍ മരിച്ചതായി എഐഡിഎംകെ അറിയിച്ചു. തമിഴകത്തിന്റെ അമ്മയായ ജയലളിതയുടെ വേര്‍പാടിലുണ്ടായ നടുക്കവും വിഷാദവുമാണ് പ്രവര്‍ത്തകരുടെ മരണത്തിന് വഴിവെച്ചതെന്ന് അണ്ണാ ഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.മരിച്ചവരുടെ കുടുംബത്തിന് പാര്‍ട്ടി മൂന്നു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവര്‍ത്തകനും വിരല്‍ ഛേദിച്ച പ്രവര്‍ത്തകനും 50,000 രൂപ വീതവും പാര്‍ട്ടി സഹായം നല്‍കും. കൂടാതെ ആത്മഹൂതിക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കടലൂര്‍ പുതുക്കൂരപ്പേട്ട സ്വദേശിയുടെയും വിരല്‍ ഛേദിച്ച തിരുപ്പൂര്‍ ഉഗയന്നൂര്‍ സ്വദേശിയുടെയും ചികിത്സാ ചെലവും അണ്ണാ ഡി.എം.കെ വഹിക്കും.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് 30 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സെന്‍ട്രല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അണ്ണാ ഡി.എം.കെ അവരുടെ പേരുകള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.