ജയലളിതയ്ക്ക് അനുശോചന പ്രവാഹം; ജനകീയ നേതാവിനെ നഷ്ടമായെന്നു രാഷ്ട്രപതി; ഇന്ത്യന്‍ രാഷ്ട്രീയത്തിനു തീരാഷ്ടമെന്ന് പ്രധാനമന്ത്രി;കേരളത്തോടു മമത പുലര്‍ത്തിയ നേതാവാണു ജയലളിതയെന്നു പിണറായി വിജയന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിയോഗത്തില്‍ പ്രമുഖ നേതാക്കള്‍ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.നഷ്ടമായത് ജനകീയ നേതാവിനെയാണെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിടവുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ജയലളിതയുടെ ജനങ്ങളുമായുള്ള ബന്ധം ഏറെ വലുതായിരുന്നു. ജനക്ഷേമ തല്‍പരയും പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് ശ്രമിക്കുകയും ചെയ്ത നേതാവിനേയാണ് നഷ്ടമായതെന്ന് മോഡി അനുശോചിച്ചു.ആര്‍ക്കും കീഴടക്കാന്‍ പറ്റാത്ത സ്വന്തം ജീവിതംകൊണ്ട് പടവെട്ടിയായിരുന്നു ജയലളിത തന്റെ രോഗാവസ്ഥയോടും യുദ്ധം ചെയ്തതെന്ന് കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു. അവരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഖിതരാണെന്നും തന്റെ അനുശോചന സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.കേരളത്തോടു മമത പുലര്‍ത്തിയ നേതാവാണ് ജയലളിതയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തമിഴ്‌നാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും അനുശോചനം രേഖപ്പെടുന്നു എ്ന്നു മുഖ്യമന്ത്രി പ്രതികരിച്ചു.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാണ് എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട നേതാവായിരുന്നു ജയലളിതയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. വനിതകള്‍, കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം അഭയ കേന്ദ്രമായിരുന്നു ജയലളിതയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ചലചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധിപ്പേര്‍ ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.