ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഹര്‍ജി;വിഷം നല്‍കിയെന്ന് സംശയിക്കുന്നതായി ആരോപണം

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഹരജി. ചെന്നൈയിലുള്ള സന്നദ്ധസംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. ജയലളിതയുടെ മെഡിക്കല്‍ രേഖകള്‍ കണ്ടെടുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. വിഷം നല്‍കിയെന്ന് സംശയിക്കുന്നതായുള്ള ആരോപണവും ഹര്‍ജിക്കാര്‍ ഉയര്‍ത്തി.ഹരജി എന്നാണ് കോടതി പരിഗണിക്കുകയെന്ന് വ്യക്തമല്ല.ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ സ്വഭാവം നിലനിര്‍ത്തിയത് ദുരൂഹമായ നടപടിയാണെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.കനത്ത പനിയും നിര്‍ജലീകരണവും മൂലം സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ മരണത്തിന് ഇടയാക്കിയത്.