ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി; പുലര്‍ച്ചെ 1.15ന് പനീര്‍ശെല്‍വമടക്കം 32 അംഗ മന്ത്രിസഭയും അധികാരമേറ്റു; മുഖ്യമന്ത്രിയായത് ജയയുടെ വിശ്വസ്തന്‍

ചെന്നൈ:ജയലളിതയുടെ മരണത്തിന് പിന്നാലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പനീര്‍ശെല്‍വമടക്കമുള്ള 33 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. പുലര്‍ച്ചെ 1.25ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.രാത്രിയില്‍ ചെന്നൈ റോയപേട്ടയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് ഔദ്യോഗികമായി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്. പാര്‍ട്ടിയുടെ 134 എംഎല്‍എമാരും പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. രണ്ടു തവണ ‘കാവല്‍’ മുഖ്യമന്ത്രിയായ ഒ.പനീര്‍സെല്‍വത്തിന്റെ പേര് 2001ല്‍ ആദ്യമായി മുന്നോട്ടുവച്ചത് ജയലളിതയുടെ തോഴി ശശികലയാണ്. താന്‍സി ഭൂമി ഇടപാടുകേസില്‍പ്പെട്ട് സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ജയലളിതയ്ക്ക് മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ് പനീര്‍സെല്‍വം ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അന്ന് തനിക്ക് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാന്‍ വിശ്വസ്ത മന്ത്രിമാരോട് തന്നെയായിരുന്നു ജയയുടെ ആദ്യചര്‍ച്ച. ധനമന്ത്രി സി.പൊന്നയ്യനായിരുന്നു പിന്തുണ കൂടുതലും. വിദ്യാഭ്യാസ മന്ത്രി എം.തമ്പി ദുരൈ, വൈദ്യുതിമന്ത്രി ഡി.ജയകുമാര്‍, ടൂറിസം മന്ത്രി ആര്‍.സരോജ എന്നിവരെക്കൂടാതെ മുന്‍ധനമന്ത്രി വി.ആര്‍.നെടുംചെഴിയാന്റെ ഭാര്യ വിശാലാക്ഷിയുടെ പേരും ഉയര്‍ന്നുവന്നു. സ്പീക്കര്‍ കെ.കാളിമുത്തുവിനെയും ചിലര്‍ പിന്തുണച്ചു. വിശാലാക്ഷിയെ പോയസ് ഗാര്‍ഡനിലേക്കു വിളിച്ചു ചര്‍ച്ച നടത്തി. ഇതിനെല്ലാം ശേഷമായിരുന്നു ശശികലയുടെ ഇടപെടല്‍.’തേവര്‍’ വിഭാഗത്തില്‍പ്പെട്ട ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നായിരുന്നു അവരുടെ നിര്‍ദേശം. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലെ സ്വാധീനം നഷ്ടമാകാതിരിക്കണമെങ്കില്‍ അതു വേണമായിരുന്നു. അങ്ങനെയാണ് അതേവിഭാഗത്തില്‍പ്പെട്ട പനീര്‍സെല്‍വത്തിന്റെ പേര് വരുന്നത്. ശശികലയുടെ സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരന്റെ അടുത്ത അനുയായിയുമായിരുന്നു പനീര്‍സെല്‍വം. രാഷ്ട്രീയത്തില്‍ സ്വന്തമായി നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ ആഗ്രഹിക്കാത്ത ഒരാള്‍ എന്നതായിരുന്നു പനീര്‍സെവത്തെ തെരഞ്ഞെടുക്കാന്‍ ശശികലയെയും ജയയെയും പ്രേരിപ്പിച്ചത്. തന്റെ നിയന്ത്രണത്തില്‍ ഭരിക്കാനാകുന്ന ഒരാളെ കിട്ടിയതോടെ ജയയും സമ്മതിച്ചു. ജയയുടെ ആഗ്രഹം പോലെ തന്നെ പനീര്‍ശെല്‍വം ജയയുടെ നിയന്ത്രണത്തില്‍ ഡമ്മിയെ പോലെ പ്രവര്‍ത്തിച്ചു. മേശമേല്‍ ജയയുടെ ചിത്രം വച്ച്, നിയമസഭയില്‍ അവരുടെ മുറി ഒഴിവാക്കി, മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലും തയാറാകാതെയായിരുന്നു ഭരണം. ഇത്രയ്ക്ക് വിനീതവിധേയനായതിനാല്‍ത്തന്നെ 2014ല്‍ അനധികൃത സ്വത്തുസമ്പാദന കേസില്‍പ്പെട്ട് രാജിവച്ചപ്പോഴും നറുക്ക് പനീര്‍സെല്‍വത്തിന് തന്നെ വീണു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലായതിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ മുഴുവന്‍ ചുമതലകളും നല്‍കാന്‍ ജയലളിത തെരഞ്ഞെടുത്തതും പനീര്‍ശെല്‍വത്തെയായിരുന്നു. ആഭ്യന്തരം, പൊതുകാര്യവകുപ്പുകള്‍ ഉള്‍പ്പെടെയായിരുന്നു ഈ കൈമാറ്റം. ജയയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഡമ്മി’ മുഖ്യമന്ത്രിയാകാന്‍ അദ്ദേഹത്തിനാകും. പക്ഷേ ജയയില്ലാതെ ഭരിക്കാന്‍ അറിയാത്ത ഒരാള്‍ അണ്ണാഡിഎംകെയുടെ പിന്‍ഗാമിയായി വരാന്‍ സാധ്യതയില്ലെന്നതാണു വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.