ജയലളിതയെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; പ്രധാനമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു; ഇന്ന് ദേശീയ ദു:ഖാചരണം;വേദന താങ്ങാനാവാതെ തമിഴകം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നു.ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ കണ്ടു. അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.രാഷ്ട്രപതി പ്രണവ് മുഖര്‍ജിയും ചെന്നൈയില്‍ എത്തുന്നുണ്ട്. ചെന്നൈ രാജാജി ഹാളിലെ പൊതുദര്‍ശന വേദിയിലേക്കാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രസംസ്ഥാന നേതാക്കന്‍മാരും തമിഴകവും തങ്ങളുടെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്. വൈകിട്ട് നാലുമണിവരെ ആയിരിക്കും പൊതുദര്‍ശനം. അതിനുശേഷം ചെന്നൈ മറീന ബീച്ചിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. എംജിആര്‍ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയ്ക്കുളള അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. നാലരയ്ക്കാണ് സംസ്‌കാരം.ജയലളിതയുടെ വിയോഗത്തില്‍ രാജ്യം ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരാഞ്ജലി രേഖപ്പെടുത്തി പിരിഞ്ഞു.കേരളത്തില്‍ നിന്നും ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും വൈകിട്ട് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടരമാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ജയലളിതയുടെ അന്ത്യം. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. രോഗം ഭേദപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്അപ്പോളോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലാണ് ഇന്നലെ മൃതദേഹം എത്തിച്ചത്. തുടര്‍ന്നാണ് ഇന്നു രാവിലെയോടെ രാജാജി ഹാളില്‍ പൊതുദര്‍ശനം ക്രമീകരിച്ചതും. മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍ശെല്‍വമായിരുന്നു ആദ്യം അന്തിമോപചാരം അര്‍പ്പിച്ചതും. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.