ജയലളിതയുടെ നില ഗുരുതരമായി തുടരുന്നു; ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ 12 മണിക്ക്; പ്രാര്‍ത്ഥനയോടെ തമിഴകം

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രാവിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അപ്പോളോ ആശുപത്രിയില്‍ എത്തുകയും ജയലളിതയുടെ നില ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായിട്ടുമാണ് വിവരം. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 12 മണിക്ക് പ്രത്യേക മെഡിക്കല്‍ ബുളറ്റിന്‍ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്.ജയലളിതയെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും ഇപ്പോള്‍ സുഖമായിരിക്കുന്നതായും എഐഡിഎംകെ വക്താവ് സി.ആര്‍ സരസ്വതി ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം നിരവധി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം ആയിരക്കണക്കിന് ‘അമ്മ’ അനുയായികളാണ് അപ്പോളോ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതീവ സുരക്ഷയാണ് തമിഴ്‌നാട്ടിലെങ്ങും ഒരുക്കിയിരിക്കുന്നതും.

© 2024 Live Kerala News. All Rights Reserved.