ചെന്നൈ പൊലീസ് നിയന്ത്രണത്തില്‍; ഒമ്പത് കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചു; അതിര്‍ത്തികളിലെ പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു;ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പരത്തരുതെന്ന് പ്രധാനമന്ത്രി

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഹൈദരാബാദില്‍ നിന്നുള്ള ഒമ്പത് കമ്പനി കേന്ദ്ര സേനയെ ചെന്നൈയില്‍ വിന്യസിച്ചു. കൂടാതെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പരിപാടികളും തമിഴ്‌നാട്ടില്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.ആശങ്ക പരത്തരുതെന്നും ജയലളിതയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നാഗര്‍കോവില്‍ ഭാഗത്ത് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ പൊലീസ് അടപ്പിച്ചു. നിലവില്‍ അപ്പോളോ ആശുപത്രിയിലേക്കുളള എല്ലാ വഴികളും പൊലീസ് അടച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തുകയാണ്. അണ്ണാ യൂണിവേഴ്‌സിറ്റി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.തമിഴ്‌നാടിനോട് ചേര്‍ന്നുളള കര്‍ണാടകം, കേരള അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കാനും സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. നിരവധി തമിഴ് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.