അമ്മയ്ക്ക് വേണ്ടി 1.60 കോടിയുടെ സ്വര്‍ണ്ണം നേര്‍ച്ച;ജയലളിത പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചു വരാനുള്ള പ്രാര്‍ത്ഥനയിലാണ് തമിഴ് ലോകം

മൈസൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അമ്മ സുഖം പ്രാപിച്ച് തിരിച്ചു വരാനുള്ള പ്രാര്‍ത്ഥനയിലാണ് തമിഴ് ലോകം. അമ്മ ചികിത്സയിലായി ഒരു മാസം പിന്നിടുമ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും പൂജകളും ദിനം പ്രതിവര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ജയലളിത പബ്ലിക്കേഷന്‍സിന്റെയും കോടനാട് എസ്‌റ്റേറ്റിന്റെയും നേതൃത്വത്തില്‍ നടന്ന പ്രത്യേക പൂജയില്‍ നൂറു കണക്കിന് ജനങ്ങള്‍ പങ്കെടുത്തു. അമ്മ പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചു വരാന്‍ 1.60 കോടി രൂപയുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ അമ്പലത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചു. കര്‍ണ്ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ജയലളിത. പൂജയില്‍ പങ്കെടുക്കാന്‍ ഉള്‍നാടുകളില്‍ നിന്നും ജനങ്ങള്‍ എത്തിയിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ക്കും പുഷ്പങ്ങള്‍ക്കും പുറമേ അമ്മയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പട്ടു തുണികളുമായാണ് എല്ലാവരും എത്തിയത്. 1.60 കോടിയുടെ ആഭരണങ്ങള്‍ ദേവിക്കു സമര്‍പ്പിച്ചതിനു പുറമേ ഗണേശ, ഹനുമാന്‍ വിഗ്രഹങ്ങള്‍ക്ക് സ്വര്‍ണ്ണ കിരീടം, സ്വര്‍ണ്ണ ആയുധങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും സമര്‍പ്പിച്ചു.

© 2024 Live Kerala News. All Rights Reserved.