ജയലളിത അതീവ ഗുരുതരാവസ്ഥയില്‍;അപ്പോളോയിലേക്ക് അനുയായികളുടെ പ്രവാഹം;സംസ്ഥാന അതിര്‍ത്തിയിലും കനത്ത ജാഗ്രത

ചൈന്നെ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റി. ആശുപത്രി രാത്രിയോടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമമാണു നടക്കുന്നതെന്നും മുഖ്യമന്ത്രിക്കായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അപ്പോളോ ആശുപത്രിയുടെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. ചികിത്സ ലണ്ടനിലെ വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ബെലേയുടെ നിര്‍ദേശപ്രകാരമാണ് നടക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എഐഡിഎംകെ. പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയാണ്. സുരക്ഷയെക്കരുതി ആശുപത്രിയിലേക്കുള്ള വഴികള്‍ എല്ലാം പോലീസ് അടച്ചു. അടിയന്തിര സാഹചര്യത്തില്‍ സുരക്ഷക്കായി 9 കമ്പനി കേന്ദ്രസേന തമിഴ്‌നാട്ടിലേക്കു തിരിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്. ഡയറക്ടര്‍മാരും ചൈന്നെയിലേക്കു തിരിച്ചിട്ടുണ്ട്. അണ്ണാസര്‍വ്വകലാശാല ഇന്നു നടക്കാനിരുന്ന പരീക്ഷകളെല്ലാം റദ്ദാക്കി. മൂന്നു മാസമായി ചൈന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഇന്നലെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. അതേസമയം, ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ അപ്രതീക്ഷിതമാറ്റത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു ചൈന്നെയിലേക്ക് തിരിച്ചു. അയല്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ജയലളിതയുടെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍നിന്നു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചൈന്നെയ്ക്കു പുറപ്പെട്ടിട്ടുണ്ട്. രാത്രി പത്തേകാലോടെ ഗവര്‍ണര്‍ ചൈന്നെയിലെത്തി. തമിഴ്‌നാട് മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും അപ്പോളോ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പോലീസിന്റെ വന്‍സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകാനും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാനുമാണ് നിര്‍ദേശമുള്ളതായാണ് വിവരം. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കേന്ദ്ര സേനയെ ചൈന്നെയില്‍ വിന്യസിച്ചേക്കുമെന്നും സൂചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.