നായകളെ കൊല്ലരുതെന്ന് മേനക ഗാന്ധി; കേരളത്തിന് രൂക്ഷവിമർശനം

തിരുവനന്തപുരം : തെരുവുനായ്‌ക്കളുടെ പ്രശ്‌നം കേരളത്തിൽ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമർശനവുമായി സംസ്‌ഥാന സർക്കാരിനു കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ കത്ത്. അപകടകാരികളായ തെരുവുനായ്‌ക്കളെ കൊല്ലാനുള്ള തീരുമാനത്തെ എതിർക്കുന്ന കത്തിൽ നായ്‌ക്കൾ അകാരണമായി ആളുകളെ ആക്രമിക്കില്ലെന്നും മന്ത്രി അവകാശപ്പെടുന്നു. നായ്‌ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി കേരളത്തിൽ മാത്രമാണു ഫലപ്രദമായി നടപ്പാക്കാത്തതെന്നും കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രിയായ മേനക കുറ്റപ്പെടുത്തുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണിന് അയച്ച ആറു പേജുള്ള കത്തിലാണു കേരളത്തിന്റെ നടപടികളെ മേനക ഗാന്ധി വിമർശിക്കുന്നത്.

തെരുവുനായ്‌ക്കളുടെ ജനനനിയന്ത്രണം തടയാൻ നടപടികളെടുക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നുമാണു കത്തിലെ പ്രധാന ആവശ്യം. കേരളത്തിൽ ആളുകളെ ആക്രമിക്കുന്നത് തെരുവുനായ്‌ക്കളല്ല. വീടുകളിൽ സുരക്ഷയ്‌ക്കായി വളർത്തുന്നവയാണ് അവരെ പരിശീലിപ്പിച്ചതുപോലെ കൂടുതൽ പേരെ ആക്രമിക്കുന്നത്. ഇറച്ചി വാങ്ങാൻ രക്ഷിതാക്കൾ പറഞ്ഞയയ്‌ക്കുന്ന കുട്ടികളാണു കടിയേൽക്കേണ്ടിവരുന്നവരിൽ മറ്റൊരു വലിയ വിഭാഗം. നായ്‌ക്കളുടെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ ചെല്ലുന്നവർക്കും കടിയേൽക്കേണ്ടിവരുന്നു. മറ്റൊരു തരത്തിലും നായകൾ ജനങ്ങളെ ആക്രമിക്കുന്നില്ല.

നായകളെ കൊല്ലുന്നതു കോടതിയും കേന്ദ്ര സർക്കാരും തടഞ്ഞിട്ടുണ്ട്. നായകൾ തെരുവിന്റെ ഭാഗമാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. നായകൾ തെരുവിലുള്ളത് അവിടം കൂടുതൽ സുരക്ഷിതമാക്കും. സെക്യൂരിറ്റിക്കാർക്കു കണ്ടെത്താൻ കഴിയാത്ത അപരിചിതരെപ്പോലും നായകൾക്കു കണ്ടെത്താനാകും. അങ്ങനെ കുറ്റകൃത്യങ്ങൾ കുറയ്‌ക്കാം. വന്ധ്യംകരണവും പ്രതിരോധകുത്തിവയ്‌പും സർക്കാർ നടത്തരുതെന്നും ഇതിനായി എൻജിഒകളെ ഏൽപ്പിക്കണമെന്നും മേനക ആവശ്യപ്പെട്ടു.

എൻജിഒകൾക്ക് ഇതിനായി ഓഫിസ് അനുവദിക്കണം. ഇവിടെ നായ്‌ക്കളുടെ ശസ്‌ത്രക്രിയയ്‌ക്കും ഒപിക്കും പ്രത്യേകം മുറികൾ സജ്‌ജീകരിക്കണം. പിടികൂടുന്ന നായ്‌ക്കൾക്കു രാവിലെ ഒൻപതിനും വൈകിട്ടു നാലിനും ആഹാരം പാകം ചെയ്‌തു നൽകണം. വന്ധ്യംകരണത്തിനു ശേഷം നാലു ദിവസം പരിപാലിച്ചതിനുശേഷം പിടികൂടിയ അതേ സ്‌ഥലത്തു തന്നെ വിട്ടയയ്‌ക്കണം. ഒരു നായയുടെ വന്ധ്യംകരണത്തിന് 750 മുതൽ 1200 രൂപ വരെ നൽകാം. സംസ്‌ഥാനതലത്തിലുള്ള പദ്ധതിക്കു കേന്ദ്രസർക്കാർ അഞ്ചു കോടി രൂപ വരെ അനുവദിക്കും. ഇതു നേരിട്ട് എൻജിഒകൾക്കാണു നൽകുകയെന്നും മേനക അറിയിച്ചു.

മേനകഗാന്ധി അറിയാൻ ഖേദപൂർവം:

∙ കേരളത്തിൽ കഴിഞ്ഞ വർഷം നായകളുടെ ആക്രമണത്തിനിരയായത് 90000 പേർ

∙ ഈ വർഷം ആറുമാസത്തിനുള്ളിൽ നായകളുടെ കടിയേറ്റത് അരലക്ഷത്തിലേറെ പേർക്ക്

∙ സ്‌കൂളിനുള്ളിൽ കുട്ടികളും ആശുപത്രിക്കുള്ളിൽ രോഗികളും വരെ നായകളുടെ ആക്രമണത്തിന് ഇരയാകുന്നു.

∙ പേവിഷബാധയുള്ള നായകളുടെ കടിയേറ്റ് ഒട്ടേറെ പേർ മരിക്കുന്നു.

COUTESY:MANORAMAONLINE

© 2024 Live Kerala News. All Rights Reserved.